കൊതുകു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രാകിയിട്ടുള്ള ജീവി വര്‍ഗ്ഗമാകും മൂട്ടകള്‍ അഥവാ കൂറകള്‍( Bed Bugs.)
അല്‍പ്പം മൂട്ടപക്ഷ സംഗതികള്‍ നോക്കാം..ചില സിംപിള്‍..ഹമ്പിള്‍ കാര്യങ്ങള്‍..
----------------------------------------------------------------------
മൂട്ടകടി.. പ്രത്യേകിച്ച് ഇന്‍ട്രോ ഒന്നും വേണ്ടാത്ത കാര്യം.അത് അവിടെ നില്‍ക്കട്ടേ,മൂട്ടകളോട് ഇത്തിരി ബഹുമാനം തോന്നുന്ന സംഗതികള്‍ പറഞ്ഞ് തുടങ്ങാം നമുക്ക്.
★മൂട്ടയെ കൊല്ലാം,പക്ഷെ തോല്‍പ്പിക്കാനാവില്ല.
മൂട്ടയുടെ അതിജീവന കഥ കേട്ടാല്‍ നാം ഞെട്ടും.നൂറ് ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് അതായത് ദിനോസറുകളുടെ കാലത്തുളള ജീവിയാണെത്രെ മൂട്ട.
മൂട്ടയുടെ ജിനോ രേഖകള്‍ വായിച്ചെടുത്ത ശാസ്ത്രജ്ഞരാണ് ഇക്കാര്യം പറയുന്നത്.
ജീവിത സമരത്തില്‍ വിജയിച്ച മൂട്ട (Cimex lectularieus) അതിജീവിച്ചുവന്നത് യുഗങ്ങളാണത്രെ.പരിസ്ഥിത പരിണാമങ്ങളുടെ ഒരോ യുഗത്തിലും മൂട്ട അതിജീവിച്ചു.
ദിനോസര്‍ കാലഘട്ടത്തിലുളള മൂട്ടയുടെ പിന്‍രൂപത്തെ പറ്റി ശാസ്ത്രലോകത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
കിടക്കപായ കണ്ടുപിടിക്കുന്നതിനുമുമ്പ്, എന്തിനേറെ മനുഷ്യന്‍ ഭൂമുഖത്ത് വരുന്നതിനു മുന്‍പേ മൂട്ടക്ക് ഭൂമിയില്‍ സ്ഥാനമുണ്ടെന്നാണ് പറയുന്നത്.
മനുഷ്യന്‍ ഭൂമിയിലുണ്ടാവുന്നതിനു മുമ്പ് വവ്വാലുകളുടെ ചോരകുടിച്ചാണത്രേ മൂട്ടകള്‍ വളര്‍ന്നത്.അമേരിക്കയിലെ പ്രകൃതിചരിത്ര മ്യൂസിയത്തിലെ ശാസ്ത്രജ്ഞരായ വെയില്‍ കോര്‍ണലും സംഘവുമാണ് മൂട്ടയുടെ ജിനോം രേഖകള്‍ ശേഖരിച്ചത്.
ഈ സംഘം തന്നെയാണ് കൂറയുടെ ജിനോം വായിക്കുന്ന പദ്ധതി ഏറ്റെടുത്തതും.നിരവധി വിശേഷണങ്ങളാണ് ശാസ്ത്രസംഘത്തിന് മൂട്ടയെ പറ്റി പറയാനുളളത്.
വവ്വാലുകളുടെ രക്തം കുടിച്ചു വളര്‍ന്ന മൂട്ടകള്‍ പിന്നീട് മനുഷ്യരക്തം തേടിവന്നത് ഗുഹകളിലേക്കാണെത്ര. മനുഷ്യന്‍ ഗുഹാവാസം തുടങ്ങിയതുമുതലാണ് മൂട്ടകള്‍ മനുഷ്യരക്തം രുചിച്ചു തുടങ്ങിയത്. പിന്നിടങ്ങോട്ട് നമ്മുടെ നാഗരികമായ വളര്‍ച്ചയില്‍ മൂട്ട നിത്യസാന്നിധ്യമാവുകയായിരുന്നു.ബി സി അഞ്ചാം നൂറ്റാണ്ടിലാണ് മൂട്ടയെ ഗ്രിക്കുകാര്‍ ശപിക്കുന്നത്. അരിസ്‌റ്റോട്ടിലിന്റെ ഗ്രന്ഥത്തില്‍ മൂട്ടയെ പറ്റി പരാതി പറയുന്ന ഭാഗങ്ങളുണ്ട്.പുരാതനമായ വ്യാപാര പാതയിലുടെ മനുഷ്യനൊപ്പം മൂട്ട ചൈനയിലേക്കും യാത്രയായതിന്റെ രേഖകളുണ്ട്.എ ഡി ഏഴാം നൂറ്റാണ്ടിലാണത്. 11ാം നൂറ്റാണ്ടിലാണ് ജര്‍മ്മനിയിലേക്കെത്തുന്നത്.പിന്നീട് യൂറോപ്പിലേക്കും വടക്കെ അമേരിക്കയിലേക്കും ആസ്‌ത്രേലിയിലേക്കും മൂട്ട പാലായനം നടത്തി.
ഡി.ഡി.ടി യെന്ന കീടനാശിനി കണ്ടുപിടിച്ചതോടെയാണ് മൂട്ടയുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായത്. പക്ഷെ കീടനാശിനിയെ പ്രതിരോധിച്ചുകൊണ്ട് മൂട്ട പിന്നെയും വളര്‍ന്നു. ഏറ്റവും വലിയ കീടനാശിനിയായ നിയോനിക്കോട്ടിനോയിഡ് വരെയുളള കീടനാശിനിയെവരെ മൂട്ട അതിജിവിച്ചുവെന്നാണ് വിര്‍ജിനിയ ടെക് എന്ന ന്യുമെക്‌സിക്കോയിലെ ഗവേഷക കണ്ടെത്തിയത്. കീടനാശിനിയെ പ്രതിരോധിക്കാനുളള നിരവധി ജീനുകള്‍ മൂട്ടയിലുണ്ടെന്നാണ് മൂട്ടയുടെ ജനിതക രേഖകള്‍ വായിച്ച ഗവേഷകര്‍ വെളിപെടുത്തുന്നത്. മൂട്ടയെപറ്റിയുളള ഗവേഷണം ലോകത്ത് പല ഗവേഷണകേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്.
മൂട്ട ഒരു സാധാരണജിവിയല്ലെന്നാണ് പൊതുവായ നിഗമനം.ഭൂമുഖത്ത് എല്ലാ സമരങ്ങളേയും അതിജീവിച്ച ജിനുകളാണെത്രെ മൂട്ടയുടേത്.
മനുഷ്യന്‍ ഇത്രയും കാലം പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മൂട്ടകള്‍ കുലുങ്ങിയിട്ടില്ല.മൂട്ട ഒരു ലളിത ജീവിയേയല്ലാ..
പുതിയ പുതിയ കീടനാശിനികള്‍ വരുമ്പോള്‍ അല്‍പ്പ കാലത്തേക്കോ വര്‍ഷത്തേക്കോ അവയെ നിയന്ത്രിച്ചു നിര്‍ത്താം പക്ഷേ അത്തരം കീടനാശിനികളോട് താദാത്മ്യം പ്രാപിക്കാനുള്ള ജീനോം മോഡിഫിക്കേഷനുമായി അവ ശക്തമായി തന്നെ തിരിച്ചെത്തും.അതാണ് ഇത്ര കാലത്തേയും ചരിത്രം.
ഇത് വായിക്കുമ്പോഴും നമുക്കരികില്‍ ഏതോ പൊത്തിലിരുന്ന് മൂട്ടകള്‍ പറയുന്നുണ്ടാകാം..''മനുഷ്യാ..നിനക്ക് ഞങ്ങളെ കൊല്ലാം,തോല്‍പ്പിക്കാനാവില്ല.''
സിമിസിഡേ കുടുംബത്തിൽപ്പെട്ട ഒരു ചെറിയ പരാദജീവിയാണ് മൂട്ട.മനുഷ്യരുടെയും മറ്റ് ഉഷ്ണരക്ത ജീവികളുടെയും രക്തം കുടിച്ചാണ് ഇവ ജീവിക്കുന്നത്.കട്ടിലുകളുടെയും മെത്തയുടെയും അരികിൽ ധാരാളമായി കാണപ്പെടുന്നു.
ചുവപ്പ് കലർന്ന കാപ്പി നിറം ആണ് ഇവയ്ക്ക്. ദേഹത്ത് നിറയെ സൂക്ഷ്മമായ രോമങ്ങൾ ഉണ്ട്.6 കാലുകള്‍ ഉണ്ടാകും.പൂർണ്ണ വളർച്ച എത്തിയ ഒരു മൂട്ടക്ക് 4 - 5 മി.മി നീളവും, 1.5 - 3 മി.മി വിതിയും കാണും.
★ ഇണചേരല്‍
പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ആണ്‍മൂട്ടകള്‍ക്ക് വയറു നിറയെ ശാപ്പാട് കിട്ടിക്കഴിഞ്ഞാല്‍ ഒരു 'ഉത്സാഹം' വരും.പെണ്‍മൂട്ടകള്‍ക്കും അങ്ങനെ തന്നെ,ഇണ ചേരും മുന്‍പേ അവ നിറയെ ചോര കുടിക്കും.
പെണ്‍മൂട്ടകള്‍ക്ക് ശരീരത്തിന് പുറത്തേക്ക് പ്രത്യേകം ലൈംഗികാവയവം(യോനി) ഇല്ല.ഒരു തരം 'കുത്തിയിറക്കല്‍' രീതിയിലാണ് ഇണ ചേരല്‍.അതായത് പെണ്‍മൂട്ടയുടെ വയറിലേക്ക് ആണ്‍മൂട്ട തന്‍റെ ലൈംഗികാവയവം കുത്തിയിറക്കുകയാണ് ചെയ്യുക.ഒരു കത്തി കൊണ്ട് വയറില്‍ കുത്തിയിറക്കുന്നതു പോലെ.
വയറിനുള്ളില്‍ നിക്ഷേപിക്കപ്പെടുന്ന ബീജം പെണ്‍മൂട്ടയുടെ ഗര്‍ഭപാത്രത്തെ ലക്ഷ്യമാക്കി നീങ്ങും.ട്രോമാറ്റിക് ഇന്‍സമിനേഷന്‍ എന്നാണ് ഇത്തരം ഇണ ചേരലിനെ പറയുക.
ഇത്തരം ഇണ ചേരല്‍ പെണ്‍മൂട്ടകളുടെ ജീവന് തന്ന് ഭീഷണിയാവാറുണ്ട്.കാരണം, മുറിവ്,രക്തം നഷ്ടമാകല്‍,ഇന്‍ഫെക്ഷന്‍ സാദ്ധ്യതകള്‍ ഇവയൊക്കെയാണ്.ഇത് കാരണം ഇണ ചേര്‍ന്നു കഴിഞ്ഞാല്‍ അല്‍പ ദിവസത്തേക്ക് പെണ്‍മൂട്ടകള്‍ പുറത്തേക്ക് അധികം പോവാതെ അവളുടെ താവളത്തില്‍ തന്നെ ഒതുങ്ങിക്കൂടും.
വേറെ ഒരു പ്രധാന സംഗതിയുള്ളത്, മൂട്ടകള്‍ക്ക് രൂപം,സ്പര്‍ശനം ഇതൊക്കെ വഴി ആണ്‍-പെണ്‍ ഭേദങ്ങള്‍ തമ്മില്‍ തിരിച്ചറിയാനുള്ള കഴിവില്ല.വയറു നിറയെ ശാപ്പാടടിച്ച് 'ഉത്സാഹം' വന്നു കഴിഞ്ഞാല്‍ പിന്നെ അടുത്ത് കാണുന്ന മൂട്ടയുടെ അടുത്ത് ഇണ ചേരലിനായി ചെല്ലും.അത് മറ്റ് ആണ്‍ മൂട്ടയാകാം,പ്രായ പൂര്‍ത്തി ആകാത്തതും,ലൈംഗിക അവയവങ്ങള്‍ വളര്‍ച്ച പ്രാപിക്കാത്തതുമായ ഇളം പെണ്‍മൂട്ടകളും ആകാം.
ആണിനേയും പെണ്ണിനേയും തിരിച്ചറിയാത്തതു കൊണ്ട് ഇങ്ങനെ വലിയ കുഴപ്പങ്ങള്‍ തന്നെ ഉണ്ടായേക്കാം.പക്ഷെ അവിടെയാണ് പ്രകൃതിയുടെ വികൃതി.
ഒരു ആണ്‍മൂട്ട ഇണ ചേരാനായി വളര്‍ച്ചയെത്താത്ത പെണ്‍മൂട്ടകളുടേയോ,മറ്റ് ആണ്‍മൂട്ടകളുടേയോ അടുത്ത് എത്തിയാല്‍ അവ പ്രത്യേക തരം ഫെറമോണുകള്‍ പുറപ്പെടുവിക്കും.ഇത് തിരിച്ചറിയുന്ന ആണ്‍മൂട്ട ഇണയാക്കാന്‍ മറ്റൊന്നിനെ തേടി പോകും.
★ജീവിത ചക്രം
മൂട്ടകളുടെ ആയുസ്സ് 4 മുതല്‍ 6 മാസം വരെയാണ്.
ഒരു മുതിര്‍ന്ന പെണ്‍മൂട്ട ഒരു തവണ 5 മുട്ടകള്‍ വരെ ഇടും.പെണ്‍മൂട്ടകളുടെ മൊത്തം ആയുസില്‍ 300 മുതല്‍ 500 മുട്ടകള്‍ വരെ അവ ഇടും.വെളുത്ത നിറത്തോടു കൂടിയ ഈ മുട്ടകള്‍ 6 മുതല്‍ 10 ദിവസം കൊണ്ട് വിരിയും.21 ദിവസങ്ങള്‍ കൊണ്ട് മുട്ടയില്‍ നിന്ന് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മൂട്ടയായുള്ള വളര്‍ച്ച പൂര്‍ത്തിയാകും.
ആകെ 7 സ്റ്റേജുകളുള്ള ഇവയുടെ ജീവിതചക്രം ചിത്രം 1 ല്‍ നിന്നും വ്യക്തമാകും.
കൂടുതലറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കാം.
https://www.orkin.com/other/bed-bugs/bedbug-life-stages/
★മൂട്ടകടി- അനസ്തേഷ്യ പ്രയോഗം
മൂട്ട കടിക്കുന്ന സമയത്ത് ആ കടി നമ്മള്‍ അറിയുമോ? സാധാരണ ഗതിയില്‍ അറിയില്ല കടി കിട്ടുന്നത്.കാരണമുണ്ട്..
മൂട്ട കടിക്കുന്നതിന് മുന്‍പേ നമ്മുടെ തൊലിപ്പുറത്ത് ഒരു ലോക്കല്‍ അനസ്തേഷ്യ പ്രയോഗം നടത്തും.മൂട്ടയുടെ ഉമിനീരിലെ പ്രത്യേക തരം പ്രോട്ടീനാണ് ഇതിന് പിന്നിലുള്ളത്.സിയാലോംസ്( sialomes) എന്നാണ് ഈ പ്രോട്ടീനെ പറയുക.
ഈ പ്രോട്ടീന്‍റെ പ്രവര്‍ത്തനം മൂലം ഒരു ലോക്കല്‍ അനസ്ത്യേഷ്യല്‍ എഫക്ട് ഉണ്ടാകുന്നതു കൊണ്ട് കടിയുടെ വേദന നാം അറിയില്ല.
സിയാലോംസ് മാത്രമല്ല,രക്തക്കുഴലുകളെ ഡയലൂറ്റ് ചെയ്യാനും,രക്തം കുടിക്കുന്ന നേരത്ത് നല്ല ഒഴുക്കില്‍ രക്തം കിട്ടാനായി രക്തം കട്ട പിടിക്കാതിരിക്കാനുള്ള ആന്‍റി കൊയാഗുലന്‍റ്സും അടങ്ങിയിട്ടുണ്ട് മൂട്ടകളുടെ ഉമിനീരില്‍.
ശരീരത്തില്‍ കൂടുതല്‍ വിയര്‍പ്പുണ്ടാകുന്നവരില്‍ ഈ അനസ്തേഷ്യയുടെ ഫലം അല്‍പം കുറഞ്ഞേക്കാം.
★മൂട്ടകളെ കൊണ്ട് എന്ത് പ്രയോജനം?
ഇതിന് ഒരു ഉത്തരം തേടി കുറേ തിരഞ്ഞു മടുത്തു..എല്ലായിടത്തും മൂട്ടകളുടെ കുറ്റങ്ങള്‍ മാത്രം കണ്ടു.
ഇത്രയേറെ 'പൈതൃകം' പേറുന്ന ഈ ജീവികളെ കുറിച്ചുള്ള ഗവേഷണങ്ങള്‍ പലതും നടക്കുന്നുണ്ട്.അതില്‍ പലതും ചുരുളഴിയുമെന്ന് ആശിക്കാം.ലോകത്തില്‍ ഇത്രത്തോളം അതിജീവന ത്വര കാട്ടിയ മൂട്ടകളെ കുറിച്ചുള്ള ഗവേഷണം നാളെ ഒരു നാള്‍ മനുഷ്യരാശിയുടെ തന്നെ അതിജീവനത്തിനായി പുതിയ വഴികള്‍ തുറന്നേക്കാം.
ഇനിയിപ്പോ സയന്‍റിഫിക്കലി ഫീസിബിള്‍ അല്ലാത്ത ചിലത് പറയാം.
തികച്ചും വ്യക്തിപരം..മൂട്ടയെ കൊണ്ട് എന്ത് ഉപകാരം???
- പഴുതാരകളുടെ ഇഷ്ടവിഭവമാണ് മൂട്ടകള്‍.
- മൂട്ടപ്പേടി കാരണം താമസ സ്ഥലങ്ങള്‍ വൃത്തിയാക്കപ്പെടും.
മൂട്ട കയറി വലഞ്ഞ് വേറേ നിവര്‍ത്തിയില്ലാതെ വൃത്തിയാക്കുന്നതും മൂട്ടകളെ കൊണ്ടുള്ള പ്രയോജനമായി കണ്ടൂടേ?
- നാളുകളേറെയായി ഇക്കണ്ട കീടനാശിനി കമ്പനിക്കാരേയും പെസ്റ്റ് കണ്‍ട്രോള്‍ ഏജന്‍സികളേയും താങ്ങി നിര്‍ത്തുന്നത് വഴി കുറേ പേരുടെ വയറ്റിപ്പിഴപ്പിനുള്ള വഴിയും മൂട്ടകള്‍ തുറന്നു തരുന്നില്ലേ?
---------------------------------------------------------------------------
വാല്‍ക്കഷ്ണം:
തേനീച്ച പോസ്റ്റിന് താഴേ കൊതുകിനെ കൊണ്ട് എന്ത് പ്രയോജനം എന്ന ചോദ്യം വന്നപ്പോഴാണ് കൊതുക് പുരാണം പോസ്റ്റ് ജനിച്ചത്.
കൊതുകു പുരാണത്തില്‍ മൂട്ടകളെ കൊണ്ട് എന്ത് കാര്യം എന്ന ചോദ്യത്തില്‍ നിന്നാണ് ഈ മൂട്ട വിശേഷങ്ങള്‍.
നന്ദി..ഇങ്ങനെയുള്ള ചോദ്യങ്ങളിലൂടെ ചിലത് മനസിലായി.നാം ശ്രദ്ധ വയ്ക്കാത്ത വിശാലമായ ലോകമാണ് ഇത്തരം കുഞ്ഞന്‍ ജീവികളുടേത്..അറിഞ്ഞതിത്തിരി..അതിലിത്തിരി ഇവിടെ..
ശുഭദിനം നേരുന്നൂ,
Murali Krishnan Mulayckal Illom
തേനീച്ച പോസ്റ്റ് ലിങ്ക്
https://m.facebook.com/groups/763098700477683?view=permalink&id=1429857687135111
https://m.facebook.com/groups/763098700477683?view=permalink&id=1432498370204376
കൊതുക് പോസ്റ്റ് ലിങ്ക്
https://www.facebook.com/groups/churulazhiyatha.rahasyangal/permalink/1455951151192431/
-------------------------------------------------------------------------
സാങ്കേതിക പദങ്ങളും വിവരങ്ങളും ഒഴിവാക്കി സാമാന്യ അറിവിനായുള്ള ലേഖനം.കൂടുതല്‍ വായനയ്ക്ക് ഒപ്പമുള്ള ലിങ്കുകള്‍ ശ്രദ്ധിക്കാം
കൂടുതല്‍ വായനയ്ക്ക്/റെഫറന്‍സ്
https://www.bedbugs.org/the-history-of-bed-bugs/
http://pestworldforkids.org/pest-guide/bed-bugs/
About bedbug saliva-
https://www.zappbug.com/bed-bug-saliva-pain-killers-vasodi…/
**മൂട്ടയുടെ കടിയേറ്റാല്‍- (മലയാളം) ■■👈
https://malayalam.boldsky.com/…/articlecontent-pf77695-1422…
ചിത്രങ്ങള്‍
മൂട്ട-ജീവിതചക്രം (life cycle)
മൂട്ട- മൈക്രോസ്കോപ്പിക് വ്യൂ
മൂട്ട-ആണ്‍-പെണ്‍
മൂട്ട- പല്ലുകള്‍
ചിത്രങ്ങള്‍-കടപ്പാട്:
https://goo.gl/images/LwaeLa
wikimedia commons