എത്രയോ നാളുകളായി ചർച്ചാവിഷയമായ ഒരു വാക്കാണു ഉദാരവൽക്കരണം. പക്ഷേ ഈ സാധനം അങ്ങാടി മരുന്നോ, പച്ചമരുന്നോ എന്നറിയാതയാണു മിക്കപ്പോഴും വാഗ്വാദങ്ങൾ നടക്കുന്നത്. നമുക്കതിന്റെ ചരിത്രത്തിലേക്കൊന്നു പോകാം.
പൊതുജനങ്ങൾക്കാവശ്യമായ, ഉപ്പ് തൊട്ട് കർപ്പൂരം വരെ എല്ലാം ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ മാത്രം ലഭ്യമാകുന്ന കേന്ദ്രീക്രുത സംവിധാനമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ ഏതാണ്ടെല്ലാ രാജ്യങ്ങളും പിന്തുടർന്നിരുന്നത്. അമേരിക്കയും ചുരുക്കം ചില യൂറോപ്യൻ രാജ്യങ്ങളും ഒഴിച്ച്. എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കുക എന്ന നല്ലൊരു ഉദ്ദേശ്യം ഉണ്ടങ്കിലും അത് നടപ്പാക്കുക ബുദ്ധിമുട്ടായിരുന്നു. വലിയൊരു ജനവിഭാഗത്തിന്റെ ആവശ്യങ്ങളും, സ്റ്റേറ്റിന്റെ വിഭവശേഷിയും ഒരിക്കലും കൂട്ടിമുട്ടാതെ വളർച്ച മുരടിക്കാനായിരുന്നു മിക്ക രാജ്യങ്ങളുടേയും വിധി. ഭരണാധികാരികൾ, സ്വേഛാധികാരികളായി മാറുകയും, വ്യവസ്ഥിതി അഴിമതി നിറഞ്ഞതാവുകയും ചെയ്തതോടെ രാഷ്ട്രങ്ങൾ തകരാൻ തുടങ്ങി.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ, ഏതാണ്ടെല്ലാ യൂറോപ്യൻ രാജ്യങ്ങളും, ജപ്പാനും സാമ്പത്തികമായും സാമൂഹ്യമായും ഇരുട്ടിലായിക്കഴിഞ്ഞിരുന്നു. പരസ്പര സഹകരണത്തോടയല്ലാതെ ഭാവിയില്ല എന്ന തിരിച്ചറിവും, ഭരണകൂടങ്ങൾ മാത്രമായി സമ്പദ് വ്യവസ്ഥയെ ആവില്ല എന്ന ബോധവും ചേർന്നപ്പോൾ വിപണികളുടെ വാതിലുകൾ മലർക്കെ തുറന്നു. ചാരം മൂടിക്കിടന്ന സ്വകാര്യ മേഖലയുടെ വിഭവശേഷി രാജ്യാതിർത്തികൾ താണ്ടി പുതിയ മേച്ചിൽപുറങ്ങൾ അന്വേഷിച്ചു. വൻ ബ്രാൻഡുകൾ ഉദയം കൊണ്ടു. വിപണികൾ മത്സരങ്ങളാൽ സജീവമായി. മത്സരങ്ങൾ, പുതിയ വികസനങ്ങൾക്ക് വളമായി. അങ്ങിനെയാണു രണ്ടാം ലോകയുദ്ധത്തിന്റെ ചാരക്കൂനയിൽ നിന്നും ജപ്പാൻ, ലോകത്തെ ഏറ്റവും വലിയ വ്യാവസായിക രാജ്യമായി മാറിയത്.
പക്ഷേ, കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാതെ സോവിയറ്റ് ചേരി മാത്രം മാറിനിന്നു. കേന്ദ്രീക്രത വ്യവസ്ഥയും കൂട്ടുകൃഷിയുമൊക്കയായിസോവിയറ്റ് ജനത, കാറ്റും വെളിച്ചവും കയറാത്ത ഇരുമ്പ് മറക്കുള്ളിൽ ഒടുങ്ങി. ലോകത്തിന്റെ മുൻപിൽ കാട്ടാനുള്ള, ഡിഫൻസ്, സ്പൊർട്ട്സ്, ബഹിരാകാശം എന്നീ മേഖലകളിൽ മാത്രമാണു സോവിയറ്റ് യൂണിയൻ മുന്നേറിയത്. ഒരു വശത്ത് സാമ്പത്തിക രംഗം തകർന്നപ്പോൾ മറുവശത്ത് ബില്ല്യണുകൾ പുമ്പ് ചെയ്ത്, തോക്കിൻ കുഴലിന്റെ നിഴലിൽ സോവിയറ്റ് ശാസ്ര്ത്ത്രജ്ഞർ സ്പുട്നിക്കും, മിഗ്ഗുമെല്ലാം ഉണ്ടാക്കി. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോഴാണു ഇരുമ്പുമറക്കുള്ളിലെ ഈ സത്യങ്ങൾ ലോകമറിഞ്ഞത്.
മാവോക്ക് ശേഷം, ചൈനയിൽ അധികാരത്തിൽ വന്ന, ദീർഗ്ഘദർശ്ശിയായ, ഡെങ്ങ് സിയാവോപിംഗ് ഈ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, ചൈനയുടെ വിഭവശേഷി ലോകത്തിനു മുൻപിൽ തുറന്നിട്ടു. സൗജന്യ ഭൂമി, ചെറിയ കൂലി, കുറഞ്ഞ വൈദ്യുതി നിരക്ക് നൂലാമാലകളില്ലാത്ത നടപടിക്രമങ്ങൾ എന്നിവ, 1980 കളിൽ, വൻ ബ്രാൻഡുകളെ ചൈനയിലെത്തിച്ചു. മെയ്ഡ് ഇൻ ചൈന ടാഗുമായി, സോണിയും, അഡിഡാസും, പ്യൂമയുമൊക്കെ ലോകമാർക്കറ്റിൽ എത്തി. ലോകവുമായുള്ള ഈ കൂട്ട് കച്ചവടത്തിലൂടെ അവരുടെ അനുഭവ സമ്പത്ത് വളർത്തിയെടുത്തപ്പോൾ, ചൈന അവരുടെ സ്വന്തം ബ്രാൻഡുകളും കപ്പൽ കയറ്റിത്തുടങ്ങി. ഇന്ന് നമ്മുടെ മാർക്കറ്റിൽ നിറഞ്ഞ് കളിക്കുന്ന ഹുവായും, ലാവയും, ഷവോമിയുമെല്ലാം ഈ അനുഭവജ്ഞാനത്തിന്റെ സന്തതികളാണു.
1991 ൽ നരസിംഹറാവുവാണു ഭാരതത്തിൽ ഈ വിപ്ലവത്തിനു തുടക്കമിട്ടത്. സൈക്കിളിനും, റേഡിയൊയ്ക്കും വരെ ലൈസൻസ്, ഒരു ഫോൺ ബുക്ക് ചെയ്താൽ, കുറഞ്ഞത് അഞ്ച് കൊല്ലം, പത്രങ്ങളുടെ ന്യൂസ് പ്രിന്റ് വരെ സർക്കാർ നിയന്ത്രണത്തിൽ. ഇതൊക്കയായിരുന്നു 80 കളിലെ ഇൻഡ്യ. സ്ഥിരതയില്ലാത്ത ഭരണവും, സാമൂഹ്യ അരക്ഷിതാവസ്ഥയുമെല്ലാം കാരണം റാവുവിനു തന്റെ പദ്ധതികൾ അധികം മുൻപോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. പല മാറിമറിയൽ കൾക്ക് ശേഷം 1998ൽ വന്ന എൻ. ഡി. എ സർക്കാർ ഉദാരവൽക്കരണം മുൻപോട്ട് കൊണ്ടുപോകാൻ ശ്രമിച്ചിങ്കിലും, കാർഗ്ഗിൽ യുദ്ധം, പൊഖ്രാൻ പരീക്ഷണത്തെ തുടർന്നുള്ള ഉപരോധം എന്നിവ പിന്നോട്ടടിച്ചു. പക്ഷേ 2000 നു ശേഷം കഥ മാറി. ഇൻഷുറൻസ്, ബങ്കിംഗ് രംഗങ്ങൾ തുറന്ന് കൊടുത്തപ്പോൽ ലക്ഷക്കണക്കിനു അവസരങ്ങളുമായി പുതിയ തൊഴിൽ മേഖലകൾ തുറന്നു. ടെലികോം രംഗത്തെ മത്സരാക്ഷമമാക്കിയപ്പോൾ, കോടിക്കണക്കിനു ചെറുപ്പക്കാർക്ക് അന്തസ്സുള്ള വരുമാനമാർഗ്ഗമായി. ഈ പണം മാർക്കറ്റിലേക്കൊഴുകിയപ്പോൾ, വീടുകളും, കാവുകളും, റോഡുകളും, പാലങ്ങളുമൊക്കയായി, അടിസ്ഥാന സൗകര്യങ്ങൾ കുതിച്ചുയർന്നു.
തുടർന്ന് വന്ന സർക്കാരുകൾക്ക് ഇത് പിന്തുടരേണ്ട പണിയേ ഉണ്ടായിരുന്നുള്ളു. പക്ഷേ, ചൈന എൺപതുകളിൽ ബോധപൂർവ്വം നടപ്പാക്കിയ, ചൈനയിൽ നിർമ്മിക്കുക എന്ന കാതലായ സംഗതി നാമിപ്പോഴാണു ചിന്തിച്ച് തുടങ്ങിയത്. ഇടക്ക് ചില മേഖലകളിൽ നടപ്പാക്കിയിരുന്നങ്കിലും, വ്യക്തമായ ലക്ഷ്യത്തോടെ "മേക് ഇൻ ഇൻഡ്യ" എന്ന ആശയം അവതരിപ്പിക്കപ്പെടുന്നത് ഇപ്പോഴാണു.
നമുക്ക് പ്രത്യാശിക്കാം. മെയ്ഡ് ഇൻ ഇൻഡ്യ ടാഗുമായി, ആപ്പിളും, മെഴ്സിഡസും, എയർബസുമെല്ലാം ലോകവിപണികളിൽ എത്തുമെന്ന്. ആ അനുഭവത്തിൽ നിന്ന് പഠിച്ച, യൂറോപ്പിന്റെ ജനസംഖ്യയോളം വരുന്ന ഇൻഡ്യൻ യുവസമൂഹം നമ്മുടെ സ്വന്തം ബ്രാൻഡുകളുമായി.