1988 ലാണ് ആദ്യമായി ജോലിക്ക് പോകുന്നത്, നാഗ്പൂരില്‍. നാട്ടിലും വിദേശത്തുമായി ഇതിപ്പോള്‍ അഞ്ചാമത്തെ ജോലിയാണ്. ഇന്റര്‍വ്യൂ എന്നത് മിക്കവാറും പ്രൊഫഷണല്‍ ജോലികള്‍ക്കെല്ലാം നിര്‍ബന്ധമായതിനാല്‍ ഇക്കാലത്തിനിടയില്‍ അഞ്ചു പ്രാവശ്യം ഇന്റര്‍വ്യൂ നേരിട്ടിട്ടുണ്ട്. എന്നുവെച്ച് പോയ എല്ലാ ഇന്റര്‍വ്യൂവിലും വിജയശ്രീലാളിതനായ മാന്യദേഹം ആണ് ഞാനെന്ന് തെറ്റിദ്ധരിക്കേണ്ട. വിജയിച്ച ഒരു സ്ഥലത്ത് ജോലിക്കു പോയില്ല (ഭൂട്ടാനില്‍), രണ്ടു സ്ഥലത്ത് ഇന്റര്‍വ്യൂ ഉണ്ടായിരുന്നില്ല (ഒമാനിലും ബോംബെയിലും). ഒറ്റ സ്ഥലത്തേ ചന്തു തോറ്റുള്ളൂ, കൊച്ചിയില്‍ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക്ക് കെമിക്കല്‍സില്‍.
അത് വലിയ ഭാഗ്യമായി എന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. എച്ച്ഒസി നല്ലൊരു കമ്പനിയാണ്, വീട്ടില്‍ നിന്നും പത്തു കിലോമീറ്റര്‍ ദൂരമേയുള്ളൂ, എംടെക്കിനു യോജിച്ച ജോലിയുമായിരുന്നു. ഒരു മലയാളി പ്രൊഫഷണലിന്റെ ജീവിതം നാട്ടുകാരുടെ കല്യാണം കൂടിക്കൂടി മുരടിച്ചു പോകാന്‍ നാട്ടില്‍ ജോലികിട്ടുന്നത്രയും പറ്റിയ മാര്‍ഗ്ഗമില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. Killing you softly എന്നൊക്കെ പറയുന്നത് ഇതാണ്.അഞ്ച് ഇന്റര്‍വ്യൂവിന് പോയതുകൂടാതെ ഒരു അഞ്ഞൂറ് പേരെയെങ്കിലും ഇക്കാലത്തിനിടയില്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്, ഇപ്പോഴും ഇടക്കിടക്ക് ചെയ്യുന്നു. കൂടുതലും സ്‌കൈപ്പ് വഴിയാണ്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂവിനെപ്പറ്റി ചില നിര്‍ദേശങ്ങള്‍ തരാം.
1. പരസ്യവും അപേക്ഷയും രണ്ടാമതും വായിക്കുക: നമ്മള്‍ ഒരു ജോലിക്ക് അപേക്ഷിച്ചതിനു ശേഷം മാസങ്ങള്‍ കഴിഞ്ഞായിരിക്കും പലപ്പോഴും ഇന്റര്‍വ്യൂ നടക്കുന്നത്. തൊഴിലന്വേഷിച്ച് നടക്കുന്ന കാലമാണെങ്കില്‍ അതിനിടക്ക് മറ്റു പല അപേക്ഷകളും അയച്ചുകാണും. നിങ്ങള്‍ കരിയറിനെ സീരിയസായി എടുക്കുന്ന ആളാണെങ്കില്‍ അതിലോരോന്നിലും വേറെവേറെ സിവിയും കവറിങ് ലെറ്ററും എഴുതിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഇന്റര്‍വ്യൂവിന് വിളിച്ചാല്‍ ആദ്യം ചെയ്യേണ്ടത് അപേക്ഷിച്ച തൊഴില്‍ പരസ്യവും നമ്മളയച്ച അപേക്ഷയും (സിവിയും) ഒന്നുകൂടി വായിച്ചുനോക്കുകയാണ്. ഏതായിരുന്നു പൊസിഷന്‍, എത്ര നാളത്തേക്കുള്ള ജോലിയാണ്, എന്തൊക്കെ യോഗ്യതകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്, എന്തൊക്കെയാണ് സിവിയില്‍ നമ്മള്‍ 'തള്ളി'വിട്ടിരിക്കുന്നത്. ഇതെല്ലാം രണ്ടാമതും ഓര്‍മ്മയില്‍ വെക്കുക.
2. നമ്മള്‍ ജോലിക്ക് അപേക്ഷിച്ചിരിക്കുന്ന സ്ഥാപനത്തെപ്പറ്റി ഒരു ഗവേഷണം നടത്തുക: ഏതു സ്ഥാപനത്തിലാണോ ജോലിക്ക് അപേക്ഷിച്ചിരിക്കുന്നത് അതിനെപ്പറ്റി വിശദമായ ഒരന്വേഷണം നടത്തുക. ഇന്റര്‍നെറ്റിന്റെ കാലത്ത് അത് വളരെ ഈസിയാണ്. സ്ഥാപനത്തിന്റെ വെബ് സൈറ്റ് മാത്രം നോക്കിയാല്‍ പോരാ, സ്ഥാപനത്തിന്റെ പേര് ടൈപ്പ് ചെയ്ത് 'ന്യൂസ്' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആ സ്ഥാപനത്തെക്കുറിച്ചുള്ള നല്ലതും ചീത്തയുമായ സമീപകാലത്തെ എല്ലാ വാര്‍ത്തകളും അറിയാന്‍ കഴിയും. ഇതുകൂടാതെ സ്ഥാപനത്തെപ്പറ്റി നേരിട്ടറിയാവുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരോട് ചോദിച്ച് പരമാവധി കാര്യങ്ങള്‍ അറിയുക.
3. കൈയിലെടുക്കേണ്ട രേഖകള്‍: ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ നമ്മളയച്ച അപേക്ഷ, നമ്മുടെ ബയോഡേറ്റ, കമ്പനിയില്‍ നിന്നും അയച്ച ഇന്റെര്‍വ്യൂ ലെറ്റര്‍, നമ്മുടെ സര്‍ട്ടിഫിക്കറ്റുകള്‍, നമ്മള്‍ ചെയ്തിട്ടുള്ള പ്രോജക്ടിന്റെ റിപ്പോര്‍ട്ടുകള്‍, അതിനെപ്പറ്റിയുള്ള ന്യൂസ് ക്ലിപ്പിംഗുകള്‍ ഇവയെല്ലാം ഒരു ചെറിയ ഫയലില്‍ അടുക്കിസൂക്ഷിക്കുക. ഒരു നോട്ട് പാഡും പേനയും കൈയ്യിലെടുക്കാന്‍ മറക്കരുത്.
4. ഇന്റര്‍വ്യൂവിന് തയ്യാറെടുക്കുക: ഏതുതരം സ്ഥാപനത്തില്‍ ഏത് പോസ്റ്റിലേക്കാണ് നിയമനം എന്നതനുസരിച്ച് വരാനിടയുള്ള ചോദ്യങ്ങളെല്ലാം എഴുതി അതിന്റെ ഉത്തരം കണ്ടെത്തുക. മൂന്ന് തരത്തിലുള്ള ചോദ്യങ്ങളാണ് പൊതുവെ പ്രതീക്ഷിക്കേണ്ടത്. നിങ്ങളുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍, നിങ്ങളുടെ തൊഴില്‍ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍, പൊതുവിജ്ഞാനവും കുടുംബകാര്യവും ചേര്‍ന്ന് മൂന്നാമത്തേത്. കൂടുതല്‍ ഉയരത്തിലേക്ക് പോകും തോറും സബ്ജക്ടിലുള്ള ചോദ്യങ്ങള്‍ കുറഞ്ഞുവരും. അന്‍പതാം വയസ്സില്‍ ഇന്റര്‍വ്യൂവിന് പോകുന്നതിന് മുന്‍പ് ടെക്സ്റ്റ് ബുക്ക് ഒന്നും വായിക്കേണ്ട കാര്യമില്ല, എന്നാല്‍ പുതിയ കുട്ടികള്‍ ആണെങ്കില്‍ വായിക്കുകയും വേണം. ചോദ്യവും ഉത്തരവും തയ്യാറാക്കാന്‍ കൂട്ടുകാരുടെ സഹായവും തേടാം.
5. ഇക്കാലത്ത് ഇന്റര്‍വ്യൂ കൂടുതലും 'കോംപീറ്റന്‍സി ബേസ്ഡ്' ആയി മാറുകയാണ്: ഓരോ തൊഴിലും ചെയ്യാന്‍ നിശ്ചിത യോഗ്യതകള്‍ വേണമെന്ന് മുന്‍കൂര്‍ നിശ്ചയിക്കുന്നു. (പലപ്പോഴും സ്‌പെസിഫിക്കേഷനില്‍ പറഞ്ഞിട്ടുമുണ്ടാകും, പ്രൊഫഷണലിസം, കമ്യൂണിക്കേഷന്‍, ടെക്‌നോളജി, എന്നിങ്ങനെ). അതിലോരോന്നിലും തന്റെ കഴിവുകള്‍ വിശദമാക്കാന്‍ ഇന്റര്‍വ്യൂ നേരിടുന്ന ആളോട് പറയുന്നു. സ്വന്തം വ്യക്തിജീവിതത്തില്‍ നിന്നും ഉദാഹരണസഹിതം ഉത്തരം പറയുന്നവര്‍ക്കാണ് കൂടുതല്‍ മാര്‍ക്ക് കിട്ടുന്നത്. ഉദാഹരണത്തിന് 'നേതൃത്വഗുണത്തെപ്പറ്റിയുള്ള നിങ്ങളുടെ ചിന്ത എന്താണ്?' എന്ന ചോദ്യത്തിന് ഗാന്ധിജിയുടെയോ ഒബാമയുടെയോ നേതൃത്വത്തെപ്പറ്റിയല്ല, സ്‌കൂളിലോ കോളേജിലോ നിങ്ങള്‍ കാണിച്ച നേതൃത്വഗുണത്തെപ്പറ്റിയാണ് പറയേണ്ടത്. അങ്ങനെ ഓരോ വിഷയത്തിലും നമ്മുടെ അനുഭവങ്ങള്‍ എങ്ങനെ ബോര്‍ഡിനെ ധരിപ്പിക്കാം എന്ന തരത്തില്‍ വേണം തയ്യാറെടുക്കാന്‍.
6. മോക്ക് ഇന്റര്‍വ്യൂ: സിവില്‍ സര്‍വീസിനൊക്കെ പോകുന്നവര്‍ക്കു വേണ്ടി തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് അക്കാദമി മോക്ക് ഇന്റര്‍വ്യൂ നടത്താറുണ്ട്. അതുപോലെ ഏത് ഇന്റര്‍വ്യൂവിന് മുന്‍പും സുഹൃത്തുക്കളുമായോ വീട്ടുകാരുമായോ ഒരു മോക്ക് സെഷന്‍ നടത്തുന്നത് നന്നായിരിക്കും. ഇന്റര്‍വ്യൂ എന്ന പ്രസ്ഥാനം മാസ്റ്റര്‍ ചെയ്യാനുള്ള ഒരു തന്ത്രം ഞാന്‍ അവസാനം പറയുന്നുണ്ട്, ശ്രദ്ധിക്കുക.
7. വസ്ത്രധാരണം: മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു മൃഗമാണല്ലോ. അപ്പോള്‍ കാടിനുള്ളില്‍ മറ്റൊരു മൃഗത്തെ കാണുമ്പോള്‍ സെക്കന്റുകള്‍ക്കകം 'ഇതിനെ വിശ്വസിക്കാമോ' എന്ന് നമ്മള്‍ അറിയാതെ തന്നെ അളന്നു നോക്കുമെന്ന് ശാസ്ത്രീയപഠനങ്ങള്‍ തെളിയിക്കുന്നുണ്ട് (http://uk.businessinsider.com/harvard-spychologist-amy-cudd…). അതുകൊണ്ടുതന്നെ നമ്മുടെ ബാഹ്യരൂപം സര്‍വപ്രധാനമാണ്. കുളിക്കാതെ, മുടി ചീകാതെ, ബര്‍മുഡയും ടീഷര്‍ട്ടുമിട്ട് ഇന്റര്‍വ്യൂവിന് ചെന്നാല്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ മുതലാളിമാര്‍ പോലും നിങ്ങളെ വിശ്വസിക്കില്ല. അതുകൊണ്ട് ഏറ്റവും വൃത്തിയായി പ്രൊഫഷണലായി ഡ്രസ്സ് ചെയ്തുവേണം ഇന്റര്‍വ്യൂവിന് പോകാന്‍. ഏതാണ് പ്രൊഫഷണല്‍ ഡ്രസ്സ് എന്നത് നിങ്ങള്‍ ഏതു രാജ്യത്താണ്, ഏതു സ്ഥലത്താണ്, ഏത് കാലാവസ്ഥയിലാണ് ജീവിക്കുന്നത് എന്നതൊക്കെ അനുസരിച്ച് മാറും.
മുരളി തുമ്മാരുകുടിയുടെ 'എന്തു പഠിക്കണം എങ്ങനെ തൊഴില്‍ നേടാം' വാങ്ങാന്‍ ക്ലിക്ക് ചെയ്യുക
എറണാകുളത്തെ ഇന്റര്‍വ്യൂവിന് ത്രീ പീസ് സ്യൂട്ട് ഇട്ടു ചെല്ലുന്നതും ജനീവയിലെ ഇന്റര്‍വ്യൂവിന് ഹാഫ് സ്ലീവ് ഷിര്‍ട്ടിട്ടു ചെല്ലുന്നതും ഒരുപോലെ അണ്‍പ്രൊഫഷണലാണ്. അതുകൊണ്ട് അതിനെപ്പറ്റി ഒരു ജനറിക് ഗൈഡന്‍സ് ബുദ്ധിമുട്ടാണ്. പക്ഷെ ഇന്റര്‍വ്യൂ ലെറ്റര്‍ വന്നാലുടന്‍ അല്പം ഗൂഗിള്‍ ഗവേഷണം നടത്തിയാല്‍ കണ്ടുപിടിക്കാവുന്ന കാര്യങ്ങളേയുള്ളു ഇതൊക്കെ. പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത് അല്പം കൂടി സങ്കീര്‍ണ്ണമായ പ്രശ്‌നമാണ്. പ്രത്യേകിച്ചും വിദേശത്താണ് ഇന്റര്‍വ്യൂ എങ്കില്‍ (നേരിട്ടോ സ്‌കൈപ്പിലോ). ഇന്ത്യയിലാണ് ഇന്റര്‍വ്യൂ എങ്കില്‍ സാരിയോ ചുരിദാറോ ഒക്കെ പ്രൊഫഷണല്‍ ആയിട്ടാണ് കരുതുന്നതെങ്കിലും വിദേശത്ത് അങ്ങനെ ആകണമെന്നില്ല. ചെരിപ്പ് തൊട്ട് ഷാള് വരെയുള്ള ആക്‌സസസറീസിന്റെ കാര്യത്തില്‍ നമ്മള്‍ അപേക്ഷിക്കുന്ന ജോലി, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ രീതികള്‍, ജോലി ചെയ്യുന്ന രാജ്യം ഇതൊക്കെ നോക്കിവേണം കാര്യങ്ങള്‍ തീരുമാനിക്കാന്‍. ഈ വിഷയത്തില്‍ ഇന്ത്യക്കകത്തും പുറത്തും എച്ച്ആറില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ അഭിപ്രായം പറഞ്ഞാല്‍ നന്നായിരുന്നു. ആണ്‍കുട്ടിയാണെങ്കിലും പെണ്‍കുട്ടിയാണെങ്കിലും ഏതു രാജ്യത്താണെങ്കിലും 'വേഷം കെട്ടാ'തിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ തന്നെ നമുക്ക് തീരെ പരിചയമില്ലാത്ത വേഷമാണെങ്കില്‍ ഒരു ഡ്രസ്സ് റിഹേഴ്‌സല്‍ നല്ലതാണ്. ആദ്യമായി ടൈ കെട്ടിപ്പോകുന്ന ആണ്‍കുട്ടികളും ട്രൗസറിട്ട് പോകാനുദ്ദേശിക്കുന്ന സ്ത്രീകളുമെല്ലാം ഇത് ചെയ്യണം. കാരണം വേഷം നമ്മുടെ ആത്മവിശ്വാസത്തെ ബൂസ്റ്റ് ചെയ്യുന്നതായിരിക്കണം, അല്ലാതെ വിയര്‍പ്പിക്കുന്നതാകരുത്.
8. സമയകൃത്യത പാലിക്കുക: എവിടെയാണോ ഇന്റര്‍വ്യൂ അവിടെ പറഞ്ഞ സമയത്തു തന്നെ എത്തുക എന്നത് ഏറ്റവും പ്രധാനമാണ്. പരിചയമില്ലാത്ത ദൂരസ്ഥലത്താണ് എത്തേണ്ടതെങ്കില്‍ അന്നുരാവിലെ ടാക്‌സിയെടുത്ത് കറങ്ങിത്തിരിഞ്ഞ് സമയം കളയാതെ തലേദിവസം തന്നെ സ്ഥലത്തെത്തി ഇന്റര്‍വ്യൂ നടക്കുന്നയിടം ഒന്നു കണ്ടുവെക്കാന്‍ ശ്രമിക്കുക. അതുപോലെ സ്ഥലത്തെ ട്രാഫിക് എങ്ങനെയുണ്ടെന്നും മുന്‍കൂട്ടി അറിഞ്ഞുവെക്കുക.
9. ഫോര്‍മലായി സംസാരിക്കുക: ഇന്റര്‍വ്യൂവിന് റൂമിലെത്തുന്ന ആദ്യത്തെ മുപ്പത് സെക്കന്റ് നിര്‍ണ്ണായകമാണ്. മുന്‍പ് പറഞ്ഞ മൃഗങ്ങളുടേതു പോലുള്ള ഇന്‍സ്റ്റിന്‍ക്ട് വെച്ച് അവര്‍ നിങ്ങളെ അളക്കുകയാണ്. നിങ്ങള്‍ വായ തുറക്കുന്നതിനു മുന്‍പേ പകുതി ഇന്റര്‍വ്യൂ കഴിഞ്ഞിരിക്കും. അതിനാല്‍ പറഞ്ഞുതുടങ്ങുമ്പോള്‍ തന്നെ 'ഗുഡ്‌മോര്‍ണിംഗ് ഗയ്‌സ്' എന്നൊന്നും പറഞ്ഞ് കുളമാക്കരുത്. വിദേശത്താണെങ്കില്‍ ഗുഡ്‌മോര്‍ണിംഗ് സാര്‍/ മാഡം എന്നും പറയരുത്. ചുമ്മാ ഒരു ഗുഡ്‌മോര്‍ണിംഗ്/ആഫ്റ്റര്‍നൂണ്‍ മതി, പ്രസന്നഭാവത്തില്‍ ആയിരിക്കണമെന്നു മാത്രം. ഇന്ത്യയില്‍ നിന്നും പാശ്ചാത്യ രാജ്യങ്ങളിലേക്ക് വരുന്നവര്‍ ഓരോ ചോദ്യത്തിനും ഉത്തരമായി സാര്‍ സാര്‍ പറയുന്നത് കുഴപ്പമേ ഉണ്ടാക്കൂ.
10. മുഖത്തുനോക്കി സംസാരിക്കുക: ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവരെ ശ്രദ്ധിച്ച് അവരുടെ മുഖത്ത് നോക്കി ഉത്തരം പറയുക. ഇന്റര്‍വ്യൂ ബോര്‍ഡില്‍ ചോദ്യം ചോദിക്കാതെ ഇരിക്കുന്നവരെയും ശ്രദ്ധിക്കുക, അവര്‍ നമ്മളെ അളക്കുന്നതു പോലെതന്നെ ആത്മവിശ്വാസത്തോടെ തിരിച്ച് അവരെയും അളന്നു നോക്കുക.
11. പുളുവടിക്കാതിരിക്കുക: വരുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളും എല്ലാം അറിയുന്നവരായിരിക്കണമെന്ന് ഒരു ഇന്റര്‍വ്യൂ ബോര്‍ഡും നിഷ്‌കര്‍ഷിക്കുന്നില്ല, എന്നാല്‍ സത്യസന്ധരായിരിക്കണമെന്ന് പ്രതീക്ഷിക്കും. അതുകൊണ്ടുതന്നെ അറിയാത്ത ചോദ്യങ്ങള്‍ക്ക് ബ്ലഫ് ചെയ്യുന്നത് അനാവശ്യമാണ്. അറിയില്ല എന്നുപറയുന്നതിലെ ആത്മാര്‍ത്ഥതയും ആത്മവിശ്വാസവുമാണ് ഇന്റര്‍വ്യൂ ബോര്‍ഡിനിഷ്ടം.
12. തെങ്ങില്‍ പിടിച്ചുകെട്ടുന്ന പശു: തെങ്ങിനെപ്പറ്റി ഉപന്യാസം എഴുതാന്‍ പഠിച്ച് പരീക്ഷക്ക് പോയിട്ട് പശുവിനെപ്പറ്റി വന്ന ചോദ്യത്തിന് പശുവിനെ തെങ്ങില്‍ കെട്ടി തെങ്ങിനെപ്പറ്റി ഉപന്യാസം എഴുതിയ കഥ കേട്ടിട്ടില്ലേ? അതുപോലെ നിങ്ങള്‍ക്ക് അറിയാവുന്ന വിഷയത്തിലേക്ക് ഇന്റര്‍വ്യൂ ബോര്‍ഡിനെ എത്തിക്കുന്നത് ഇന്റര്‍വ്യൂവിലെ ഒരു കലയാണ്. സിവിയിലും കവറിംഗ് ലെറ്ററിലും ഇതിന്റെ വഴിമരുന്നിട്ടുവെക്കാം. നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ ബോര്‍ഡിനെ എത്തിക്കാന്‍ പറ്റിയാല്‍പ്പിന്നെ രക്ഷപെട്ടു.
13. തിരിച്ചുള്ള ചോദ്യം: ഇക്കാലത്ത് എല്ലാ ഇന്റര്‍വ്യൂവും 'നിങ്ങള്‍ക്ക് എന്തെങ്കിലും ചോദിക്കാനുണ്ടോ?' എന്ന ചോദ്യത്തിലാണ് അവസാനിക്കുന്നത്. ഒന്നുമില്ലെന്ന് പറയരുത്. എന്നുവെച്ച് 'എനിക്കെത്ര ശമ്പളം തരും' എന്നൊന്നും ചോദിച്ചു കളയരുത്. ആ തൊഴിലിലും സ്ഥാപനത്തിലും നിങ്ങള്‍ക്കുള്ള താല്പര്യം പ്രകടമാക്കുന്നതായിരിക്കണം നിങ്ങളുടെ ചോദ്യം. 'What is the policy of this organisation regardingt raining for employees?' എന്നത് ഒരു ഷുവര്‍ വിന്നിങ് ചോദ്യമാണ്. 'When can I expect the results?' എന്നത് ന്യായവും നിക്ഷ്പക്ഷവുമായ ചോദ്യമാണ്. അങ്ങോട്ട് ചോദ്യം രണ്ടെണ്ണം മതി, ഓവര്‍ ആക്കണ്ട.
സ്‌കൈപ്പ് വഴിയുള്ള ഇന്റര്‍വ്യൂ ഇപ്പോള്‍ത്തന്നെ വ്യാപകമായിക്കഴിഞ്ഞു. ഇനിയുള്ള കാലത്ത് അത് കൂടിവരികയേയുള്ളു. അടിസ്ഥാന തയ്യാറെടുപ്പുകളെല്ലാം മുന്‍പ് പറഞ്ഞത് പോലെ തന്നെ ആണെങ്കിലും ഇതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുമുണ്ട്.
1. സ്ഥാപനത്തിന്റെ വിശ്വാസ്യത: നല്ല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തികച്ചും തട്ടിപ്പുകാരായ ആളുകള്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കാറുണ്ട്. അതുകൊണ്ട് വിദേശത്തു നിന്നും ഒരു ഇന്റര്‍വ്യൂ കാള്‍ വന്നാല്‍, പ്രത്യേകിച്ചും നിങ്ങള്‍ ജോലിക്ക് അപേക്ഷിക്കാതെ, ഏതെങ്കിലും ഏജന്‍സി വഴി സിവി കിട്ടിയായതാണെന്നൊക്ക പറഞ്ഞ് ആരെങ്കിലും വിളിച്ചാല്‍ ഉടന്‍ തന്നെ അവരുടെ വിശ്വാസ്യത പരിശോധിക്കണം. ഏത് സ്ഥാപനമാണോ നിങ്ങളെ ഇന്റര്‍വ്യൂ ചെയ്യുന്നത് അവരുടെ പേരും scam fraud എന്നുള്ള വാക്കുകളും ചേര്‍ത്ത് ഗൂഗിള്‍ ചെയ്താല്‍ മതി (ഉദാഹരണം, https://careers.un.org/lbw/home.aspx?vietwype=SC-AM).
2. വിശ്വസിക്കാവുന്ന ഇന്റര്‍നെറ്റും കറണ്ടും: സ്‌കൈപ് ഇന്റര്‍വ്യൂ നടക്കുന്നതിനിടക്ക് ഇന്റര്‍നെറ്റ് ഫെയിലാകുന്നതോ കറന്റ് കട്ടാകുന്നതോ നമ്മുടെ കുറ്റമല്ലെങ്കിലും 'പണി കിട്ടുന്നത്' നമുക്ക് മാത്രമാണ്. അതുകൊണ്ട് ഒന്നുകില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുക (അതും ഫുള്‍ ചാര്‍ജ്ജും പവര്‍ ബാങ്കുമുള്‍പ്പെടെ), അല്ലെങ്കില്‍ യുപിഎസ് ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കുക.
3. ശബ്ദമില്ലാത്ത വെളിച്ചമുള്ള മുറി, നല്ല ഹെഡ് ഫോണ്‍: ടൗണിന്റെ നടുക്കുനിന്നോ ടാക്‌സിയിലിരുന്നോ, ഇന്റര്‍നെറ്റ് കഫെയില്‍ ഇരുന്നോ ഒന്നും ഇന്റര്‍വ്യൂ കാള്‍ എടുക്കരുത്. പൂര്‍ണ്ണമായും നിങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥലമായിരിക്കണം, ഒച്ചപ്പാടിലാത്ത മുറിയായിരിക്കണം, ഇടക്ക് ആളുകളോ വീട്ടുമൃഗങ്ങളോ ഒന്നും കയറിവരില്ല എന്നുറപ്പും വരുത്തണം. (ഇന്റര്‍വ്യൂവിനിടക്ക് കുട്ടിയോ, പട്ടിയോ ഫീല്‍ഡില്‍ കയറിവരുന്നത് സ്ഥിരം കാഴ്ചയാണ്. സംഗതി കാണാന്‍ ക്യൂട്ട് ഒക്കെയാണെങ്കിലും ഇന്റര്‍വ്യൂവിന്റെ ഗൗരവം പോകും. പിന്നെ അത് എങ്ങോട്ടും പോകാം). മുറിയിലെ വെളിച്ചത്തില്‍ ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ക്ക് നിങ്ങളെ വ്യക്തമായി കാണാന്‍ പറ്റുമോ എന്ന് മുന്‍കൂര്‍ ടെസ്റ്റ് ചെയ്തു നോക്കണം, അല്ലെങ്കില്‍ അതനുസരിച്ച് ലൈറ്റിന്റെയും സീറ്റിന്റെയും പൊസിഷന്‍ അറേഞ്ച് ചെയ്യണം.
4. മദ്യക്കുപ്പിയും ബ്രായും: വീട്ടിലെ മുറിയിലാണ് ഇന്റര്‍വ്യൂ കൊടുക്കാന്‍ ഇരിക്കുന്നതെങ്കില്‍ നമ്മുടെ പുറകിലെന്താണ് ഇന്റര്‍വ്യൂ ബോര്‍ഡിലുള്ളവര്‍ക്ക് കാണാന്‍ പാകത്തിനുള്ളത് എന്നു ശ്രദ്ധിക്കണം. കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന മുറിയോ, അടുത്ത മേശയിലിരിക്കുന്ന മദ്യക്കുപ്പിയോ, അഴയില്‍ തൂക്കിയിട്ടിരിക്കുന്ന അണ്ടര്‍വെയറോ ഒക്കെ പാരയാകും. മദ്യപാനമോ അടിവസ്ത്രം ധരിക്കുന്നതോ മോശമായതുകൊണ്ടല്ല, മറിച്ച് ഇന്റര്‍വ്യൂ എന്ന പ്രോസസിനെ നിങ്ങള്‍ നിസ്സാരമായി എടുക്കുന്നു എന്ന തോന്നലില്‍ നിന്നാണ് നിങ്ങളുടെ അവസരം കുറയുന്നത്.
5. പേനയും പേപ്പറും തൊട്ടടുത്ത് വെക്കുക: ഇന്റര്‍വ്യൂവിനിടക്ക് ഒരു മിനിറ്റ്, പേനയെടുക്കട്ടെ, എന്നുപറഞ്ഞ് വീഡിയോ ഫീല്‍ഡില്‍ നിന്ന് അപ്രത്യക്ഷമാകുന്നതൊക്കെ അങ്ങേയറ്റം അണ്‍പ്രൊഫഷണലാണ്.
6. തട്ടിപ്പ് കാണിക്കരുത്: സ്‌കൈപ്പ് ഇന്റര്‍വ്യൂ നടക്കുമ്പോള്‍ ഫീല്‍ഡിനു പുറത്ത് സുഹൃത്തുക്കളെ സഹായത്തിനോ ഒരു ധൈര്യത്തിനോ നിര്‍ത്തുന്നത് റിസ്‌ക്കാണ്. നമ്മള്‍ ബോര്‍ഡിലുള്ളവരെയല്ലാതെ മറ്റാരെയെങ്കിലും ശ്രദ്ധിക്കുന്നുവെന്ന് അവര്‍ക്ക് തോന്നുന്നതും നമ്മളെ ആരെങ്കിലും പ്രോംപ്റ്റ് ചെയ്യുന്നതും നമുക്ക് ഗുണകരമാകില്ല. ശബ്ദമോ ഭാഷയോ വ്യക്തമായില്ലെങ്കില്‍ രണ്ടാമത് ചോദിക്കുന്നതില്‍ തെറ്റില്ല. അതുപോലെതന്നെ നമ്മളും വ്യക്തമായി സാവധാനത്തില്‍ വേണം ഉത്തരം പറയാന്‍. മനസ്സിലാകുന്നുണ്ടോ എന്ന് അവരോട് ചോദിക്കുകയുമാകാം.
7. ഒരു ഗ്ലാസ് വെള്ളം: ഇന്റര്‍വ്യൂ നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ ഒരു ഗ്ലാസ് വെള്ളം അടുത്തു കരുതേണ്ടത് അത്യാവശ്യമാണ്. എന്നാല്‍പ്പിന്നെ ഒരു കുപ്പി ബിയര്‍ അടുത്ത് വെച്ചേക്കാമെന്നൊന്നും കരുതിയേക്കരുത്.
ഇനി ഞാനൊരു രഹസ്യം പറയാം. ഒരു ജോലി കിട്ടണം എന്ന ആഗ്രഹത്തോടെ ഞാന്‍ ഒരു ഇന്റര്‍വ്യൂവിനും പോയിട്ടില്ല. യാത്ര ചെയ്യണം എന്ന ആഗ്രഹം പണ്ടേ ഉണ്ട്. ഇന്റര്‍വ്യൂവിനാകുമ്പോള്‍ അവര്‍ വണ്ടിക്കൂലിയും കാശും തരുമല്ലോ, അതായിരുന്നു ലക്ഷ്യം. ഇന്റര്‍വ്യൂവിനെല്ലാം നന്നായി പെരുമാറാന്‍ കഴിഞ്ഞതിന്റെ കാരണവും അത് തന്നെയാണെന്നാണ് എന്റെ വിശ്വാസം. എന്താണെങ്കിലും നിങ്ങള്‍ക്ക് ഇന്റര്‍വ്യൂ എന്ന സംഗതിയെ മാസ്റ്റര്‍ ചെയ്യാന്‍ യഥാര്‍ത്ഥത്തിലുള്ള, ഗൗരവമുള്ള മൂന്നോ നാലോ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നത്രയും ഗുണമുള്ള വേറൊരു മാര്‍ഗ്ഗമില്ല. നിങ്ങളുടെ യോഗ്യതയുടെയും അല്പം മുകളിലുള്ള ജോലികള്‍ക്ക് അപേക്ഷിക്കുക, ഇന്റര്‍വ്യൂവിന് കാള്‍ വന്നാല്‍ ധൈര്യമായി അറ്റന്‍ഡ് ചെയ്യുക.
കിട്ടിയാല്‍ ഊട്ടി... ഇല്ലെങ്കില്‍ എക്‌സ്പീരിയന്‍സ്.