ചരിത്രത്തിൽ ആരും അറിയപ്പെടാതെ പോകുന്ന ഒരുപാട് വീര വ്യക്തിത്വങ്ങൾ ഉണ്ട് അവയിലൊന്നാണ് കോടാർ മലയിലെ കൊങ്കിയമ്മ.
കണ്ണൂർ --മൈസൂർ റൂട്ടിൽ വീരാജപ്പേട്ടയ്ക്കടുത്ത് ഉദ്ദേശം ഒരു കിലോമീറ്റർ തെക്കായികിടക്കുന്ന സാമാന്യം വലിയ ഒരു മലനിരയാണ് കോടാർ മല. കൂറ്റൻ മരങ്ങളും ഇരുളടഞ്ഞ വള്ളിക്കാടുകളും ആ പ്രദേശത്തെ ഭീകരമാക്കിത്തീർക്കുന്നു. കാട്ടിലെ പച്ചപ്പടർപ്പിനടിയിലൂടെ പതിഞ്ഞോടുന്ന നീർച്ചാലുകളുടെ ഇമ്പം നിറഞ്ഞ ശബ്ദം മലയോരത്തെ ജീവിതത്തിന് പകരുന്നു.
കുടകിൻെറയും മലബാറിൻെറയും മനസ്സുകളിൽ വാളുലച്ചു നിൽക്കുന്ന ഒരു ധീരവനിതയാണ് കൊങ്കിയമ്മ. ഉണ്ണിയാർച്ചയുടെ തലമുറയിലെ ഒരു സാഹസിക വനിത എന്ന നിലയ്ക്കാണ് കൊങ്കിയമ്മയെ മലയാളികൾ കരുതിപ്പോരുന്നത്. വടക്കൻപാട്ടിലെ ആരോമൽ ചേകവരുടെയും കണ്ടാച്ചേരി ചാപ്പൻെറയും സമകാലീനയായിരുന്നു കൊങ്കിയമ്മ. പതിവായി വയനാടൻ കോട്ടയിലേക്ക് പോകാറുള്ള ആരോമൽചേകവർ വഴിയിൽ കൊങ്കിയമ്മയുടെ അതിഥിയായി കഴിയാറുണ്ടെന്നതിന് വടക്കൻ പാട്ടിലെ വരികൾ തന്നെ സൂചന നൽകുന്നു. ചില യുദ്ധങ്ങളിൽ ചേകവർ കൊങ്കിയമ്മയ്ക്ക് വേണ്ടി പൊരുതിയതിനും പാട്ടുകൾ തെളിവുണ്ട്. ആരോമൽ ചേകവരുമായുള്ള ദൃഢ ബന്ധത്തിൻറെ ഫലമായി മലയാളക്കരയിൽ നിന്ന് വരുന്ന ആരെയും സ്നേഹവാത്സല്യങ്ങളോടെ സ്വീകരിക്കാൻ കൊങ്കിയമ്മ തയ്യാറായി.
ഇപ്പോൾ കൊങ്കിയമ്മ കുടകരുടെ ഇടയിൽ അവരുടെ ദേവതയായി മാറിക്കഴിഞ്ഞിരിക്കുന്നു . ഭയഭക്തി വിശ്വാസത്തോടെ അമർത്തിപ്പിടിച്ച സ്വരത്തിലെ അവരെ കുറിച്ച് ആരും സംസാരിക്കാറുള്ളൂ.
ദുർഗയെ പോലെ ഒരു ഉഗ്രമൂർത്തിയാണ് അവരെന്ന് കീർത്തിക്കുന്ന കർണാടക ഗാനങ്ങളുണ്ട്. അസമയങ്ങളിൽ മദ്ധ്യാഹ്നത്തിലും പാതിരാ നേരത്തും ചില പ്രത്യേക സമയങ്ങളിൽ കൊങ്കിയമ്മയുടെ സാന്നിധ്യം അനുഭവപ്പെടാറുള്ളതായിവിശ്വാസികൾ കരുതിപ്പോരുന്നു. ചില നല്ല ദിവസങ്ങളിൽ സ്നേഹമയിയായ ഒരു ഗന്ധർവ കന്യകയെപ്പോലെ പ്രജാക്ഷേമം ശ്രദ്ധിക്കാൻ കൊങ്കിയമ്മ ഊരുചുറ്റാറുണ്ടെന്നും വിശ്വസിച്ചുവരുന്നു.
കോടാർമലയിലെ ഇരുളടഞ്ഞു നിലയ്ക്കുന്ന വനാന്തരങ്ങളിൽ ആണ് കൊങ്കിയമ്മയുടെ നെടുംങ്കോട്ട സ്ഥിതിചെയ്യുന്നത്. പെരുമരങ്ങൾ കുടപിടിക്കുന്നുണ്ടെങ്കിലും അനേക ദശകങ്ങളായി വെയിലും മഴയുമേറ്റതുമൂലം കോട്ടയുടെ ഭീകരത പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു. കരിങ്കൽ പണിതുയർത്തിയതാണ് കെട്ടിടം. ഭദ്രമായ മൂന്ന് തട്ടുകൾ - അതിശക്തമായ വാതിലുകളും വാതായനങ്ങളും; കരിങ്കല്ലും കമ്പിയും കൊണ്ടുതന്നെ രൂപപ്പെടുത്തിയതാണവ. കുറേ പേർക്ക് ഇരിക്കാൻ പാകത്തിലുള്ള ഒരു വിശാലശാലയുണ്ടകത്ത്. അവിടെനിന്ന് മുകൾത്തട്ടിലേക്ക് കയറാൻ വേണ്ടി സൗകര്യപ്രദമായ കോവണികളുണ്ട്. കോട്ടയ്ക്കകത്ത് ചെടിപ്പടർപ്പുകൾ നിറഞ്ഞുനിൽക്കുന്ന ഏറെ കയമുള്ള ഒരു കിണറും കാണാം . മുഖമടഞ്ഞുകിടക്കുന്ന കുറേയേറെ ഗുഹകൾ അവിടവിടെയുണ്ട് . കൊടുങ്കാടിൻറെ ഭീകര പശ്ചാത്തലത്തിലുള്ളതാണവ. അകലെയുള്ള ജനപഥങ്ങളിലേക്ക് എളുപ്പം ചെന്നെത്താൻ കഴിയുന്ന നിരവധി രഹസ്യ മാർഗ്ഗങ്ങൾ കോട്ടയോടനുബന്ധിച്ചു ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
കോട്ടയ്ക്കുള്ളിൽ ഒരിടത്ത് ഒരു മൂലയിൽ ഭംഗിയിൽ കെട്ടിപ്പൊക്കിയ കരിങ്കൽത്തറയിൽ ഒരു വാളും കഠാരയും കാണാം . കൊങ്കിയമ്മയുടെ ആയുധങ്ങളാണെന്ന നിലയിൽ ആദരവോടെ മാത്രമേ അതിനടുത്ത് ആരും പോകാറുള്ളൂ. മലദൈവങ്ങളുടെ സാന്നിധ്യവും സംരക്ഷണവും കോട്ടയ്ക്ക് ഉണ്ടെന്ന ബോദ്ധ്യം കൊണ്ടാവാം കവർച്ചക്കാരും മോഷ്ടാക്കളും അവിടെ ചെന്ന് തൊഴുതിട്ടേ തങ്ങളുടെ കർമ്മ നിർവഹണത്തിന് പോകാറുള്ളൂ.
കടപ്പാട് : വടക്കൻ ഐതിഹ്യങ്ങൾ
കറൻറ് ബുക്സ്
കറൻറ് ബുക്സ്