പ്രാചീന മനുഷ്യവര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന ശിലായുധങ്ങള്‍ ആഫ്രിക്കയില്‍ കെനിയയില്‍നിന്ന് ഗവേഷകര്‍ കണ്ടെത്തി. 33 ലക്ഷം വര്‍ഷം പഴക്കമുള്ള അവ, ആധുനിക ഹോമോ വര്‍ഗം ഭൂമുഖത്ത് ഉരുത്തിരിയുന്നതിനും മുമ്പുള്ളവയാണ്.
വടക്കന്‍ കെനിയയിലെ തുര്‍ക്കാന തടാകതീരത്തുനിന്ന് കണ്ടെടുത്ത ആ പ്രാചീന ശിലായുധങ്ങള്‍, ഇതിന് മുമ്പ് കണ്ടെത്തിയിട്ടുള്ള ഏത് ആയുധത്തെക്കാളും ഏഴുലക്ഷം വര്‍ഷം കൂടുതല്‍ പഴക്കമുള്ളവയാണ്.
ഈ ശില ഉപയോഗിച്ചിരുന്നത് അതിന്റെ വക്കുപയോഗിച്ച് സാധനങ്ങള്‍ മുറിക്കാനാണ്
നരവംശത്തില്‍ ഹോമോയ്ക്കും മുമ്പുള്ള ഓസ്ട്രലോപിത്തക്കസ് അഫാറെന്‍സിസ് ( Australopithecus afarensis ), കെനിയത്രോപ്പസ് പ്ലാറ്റിയോപ്പ്‌സ് ( Kenyanthropus platyops ) തുടങ്ങിയ വര്‍ഗ്ഗങ്ങള്‍, നമ്മള്‍ കരുതുന്നതിലും കൂടുതല്‍ പരിഷ്‌ക്കാരികളായിരുന്നു എന്നാണ് പുതിയ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്.
'മുമ്പ് കണ്ടെത്തിയിട്ടുള്ളവയെ അപേക്ഷിച്ച് വളരെ പഴക്കമേറിയവയാണ് ഇപ്പോള്‍ ലഭിച്ചത്' -ഗവേഷണത്തിലുള്‍പ്പെട്ട ഡോ.നിക്ക് ടെയ്‌ലര്‍ പറയുന്നുഫ്രാന്‍സില്‍ നാഷണല്‍ സെന്റര്‍ ഓഫ് സയന്റിഫിക് റിസര്‍ച്ച് ( CNRS ), നെതര്‍ലന്‍ഡ്‌സിലെ ലെയ്ഡന്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകനാണ് ഡോ.ടെയ്‌ലര്‍.
തുര്‍ക്കാന തടാകതീരത്ത് Lomekwi 3 എന്നറിയപ്പെടുന്ന സൈറ്റില്‍നിന്ന് 2011 ലാണ് ശിലായുധങ്ങള്‍ ആദ്യം കണ്ടെത്തിയത്. 2012 അവസാനമായപ്പോഴേക്കും 149 ആയുധങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചു. 2014 ല്‍ അവിടെനിന്ന് കൂടുതല്‍ ശിലായുധങ്ങള്‍ കണ്ടെടുക്കാനായി.
വടക്കന്‍ കെനിയയിലെ തുര്‍ക്കാന തടാകതീരത്തുനിന്നാണ് ശിലായുധങ്ങള്‍ കണ്ടെടുത്തത്
അറുക്കാനും മുറിക്കാനുമുപയോഗിച്ചിരുന്ന ശിലായുധങ്ങളാണ് കണ്ടെടുത്തവയില്‍ ഏറെയും. വലിയ ശിലകളില്‍നിന്ന് മുറിച്ചെടുത്തുണ്ടാക്കിയവയാണ് ആയുധങ്ങള്‍. അതില്‍ ചിലത് വലിയ വലിപ്പമുള്ളവയാണ്. ഏറ്റവും വലുതിന്റെ ഭാരം 15 കിലോഗ്രാമാണ് - ഡോ.ടെയ്‌ലര്‍ പറഞ്ഞു.
ശിലായുധങ്ങള്‍ ഉപയോഗിച്ചിരുന്ന ആദ്യ നരവംശം ഹോമോ ഹാബിലിസ് ( Homo habilis ) എന്നാണ് ഇതുവരെ കരുതിയിരുന്നത്. ആ ധാരണ തിരുത്തുന്നതാണ് പുതിയ കണ്ടുപിടിത്തം.
ഹോമോ ഹാബിലിസ് എന്ന വര്‍ഗമാണ് ആദ്യമായി ആയുധങ്ങള്‍ ഉപയോഗിച്ചതെന്നാണ് ഇതുവരെ കരുതിയിരുന്നത്. ആ ധാരണ തിരുത്തുന്നതാണ് പുതിയ ഗവേഷണം
എന്നാല്‍, ഏത് വര്‍ഗം ഉപയോഗിച്ചിരുന്ന ശിലായുധങ്ങളാണ് കെനിയയില്‍നിന്ന് കണ്ടെത്തിയതെന്ന് ഗവേഷകര്‍ക്ക് മനസിലായിട്ടില്ല. ആധുനിക ഹോമോ വര്‍ഗം ഉപയോഗിച്ചിരുന്നവയല്ല അവ എന്നകാര്യം ഗവേഷകര്‍ സമ്മതിക്കുന്നു. കാരണം 24 ലക്ഷം വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഹോമോ ഫോസിലുകള്‍ ഇതുവരെ കിട്ടിയിട്ടില്ല.
ഹോമോ വര്‍ഗം രൂപപ്പെടുന്നതിനും മുമ്പ് പ്രാചീന നരവംശങ്ങള്‍ ശിലായുധങ്ങള്‍ ഉപയോഗിച്ചിരുന്നു എന്ന നിഗമനത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഹോമോയ്ക്ക് മുമ്പുതന്നെ ആയുധങ്ങളുടെ ഉപയോഗം തുടങ്ങിയിരുന്നു എന്നതിന് മുമ്പ് എത്യോപ്യയില്‍നിന്ന് ചില തെളിവുകള്‍ കിട്ടിയിരുന്നു. എന്നാല്‍, ഇത്രയും പഴക്കമുള്ള ശിലായുധങ്ങള്‍ കണ്ടെടുക്കാന്‍ കഴിയുന്നത് ആദ്യമായാണ്.
http://www.bbc.com/news/science-environment-32804177
http://www.bbc.com/news/science-environment-32804177