A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ടാറന്റെല്ല




ടാറന്റെല്ല ഒരു ഇറ്റാലിയൻ നാടോടിനൃത്തമാണ്. നേരിയ ചുവടുവയ്പുകളോടെ 38 അല്ലെങ്കിൽ 6/8 താളത്തിൽ കളിക്കുന്ന ഈ സംഘനൃത്തത്തിന് കർക്കശമായി പാലിക്കേണ്ടതായ വ്യവസ്ഥകളില്ലെന്നുതന്നെ പറയാം. നർത്തകരുടെ എണ്ണം, ലിംഗം, ഉപയോഗിക്കുന്ന സംഗീതോപകരണങ്ങൾ എന്നിവയ്ക്കുപോലും വൻതോതിലുള്ള പ്രാദേശികവ്യത്യാസങ്ങളുണ്ട്.

ഇറ്റലിയുടെ ദക്ഷിണതീരത്തുള്ള ഗ്രീക്ക് അധിനിവേശ മേഖലയായിരുന്ന ടാറന്റെം എന്ന സ്ഥലവുമായി ബന്ധപ്പെട്ടു കിടക്കുന്ന അതിദീർഘമായൊരു ചരിത്രപാരമ്പര്യം ഈ നൃത്തകലയ്ക്കുണ്ട്. യവനപ്പൂപ്പാത്ര ചിത്രകലയിലും, പോംപെയി ചുമർചിത്രത്തിലും, ചരിത്രകാരന്മാർ ഇതിന്റെ മുദ്രകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എൽബ ഫാറാബെഗോലി എന്ന ആധുനിക നൃത്തവിദഗ്ദ്ധ (1981) ഇതിനു കേവലം അഞ്ചു നൂറ്റാണ്ടിന്റെ പഴക്കമേ ഉള്ളൂ എന്നാണ് അഭിപ്രായപ്പെടുന്നത്. ലൂസിയ, വില്ലാനെല്ല എന്നീ പേരുകളിലറിയപ്പെട്ടിരുന്ന ഒരു നൃത്തരൂപത്തിന്റെ പരിഷ്കൃതമാതൃകയാണ് ഇതെന്നാണ് അവരുടെ മതം. എങ്കിലും ജനഹൃദയങ്ങളിൽ പണ്ടുമുതൽ ഗാഢമായി വേരോട്ടം നേടിയിട്ടുള്ള ഒരു ഐതിഹ്യം ഇന്നും ഈ നൃത്തകലയെ ചുറ്റിപ്പറ്റി സജീവമായിത്തന്നെ നിലനിൽക്കുന്നുണ്ട്. ടറന്റുല എന്ന തീവ്രവിഷമുള്ള ചിലന്തിയുടെ കടിയേൽക്കുമ്പോൾ വിഷംനീങ്ങുന്നതിനായി ചെയ്യുന്ന നൃത്തചികിത്സ ആയതിനാലാണ് ഇതിന് ടാറാന്റെല്ല എന്നു പേരുവന്നത് എന്നതാണ് ആ ഐതിഹ്യം. ആധുനിക പഠനങ്ങൾ, പക്ഷേ ഈ ചിലന്തിക്ക് വിഷം ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തന്മൂലം ടാറന്റിസം എന്നത് ഒരുതരം അന്ധവിശ്വാസത്തിൽ നിന്നുളവാകുന്ന ചിത്തവിഭ്രാന്തിയായിരിക്കാം എന്നാണ് കരുതപ്പെടുന്നത്.

മൂന്നു നൂറ്റാണ്ടുകൾക്കുമുമ്പ് ഇറ്റലിയിൽ ടാറന്റിസം പടർന്നുപിടിച്ചുവെന്നും, അന്നു നർത്തകർ കൂട്ടത്തോടെ വൈദ്യന്മാരായിത്തീർന്നുവെന്നും പലയിടങ്ങളിലും പരാമർശമുണ്ട്. 19-ആം നൂറ്റാണ്ടിൽ കച്ചവടാടിസ്ഥാനത്തിൽത്തന്നെ നിരവധി ടാറന്റെല്ലാ സംഘങ്ങൾ പ്രവർത്തിച്ചിരുന്നു എന്നതിനും തെളിവുകളുണ്ട്. അക്കാലത്ത് ഓബർ, വെബർ, ലിസ്റ്റ്, ചോപിൻ, ഹെല്ലർ, താൽബർഗ്, കുയി, ഡർഗോഷിഷ്കി തുടങ്ങിയ ഒരു ഡസനിലേറെ ടാറന്റെല്ലാ അവതാരകർ പ്രശസ്തരായിരുന്നു.

ഇന്നും പാഠഭേദങ്ങളോടെയാണെങ്കിലും ഇറ്റലിയിൽ ഈ ചടുലനൃത്തം സജീവമായി നിലനില്പുണ്ട്. തെക്കുകിഴക്കൻ തീരപ്രദേശമായ അവുലിയയിൽ ഒരാണും ഒരു പെണ്ണും മാത്രം ചേർന്നാണ് ഈ നൃത്തം അവതരിപ്പിക്കുന്നത്. മറ്റുള്ളവർ ഇവർക്കു ചുറ്റുമായി നിന്ന് വെറുതേ ചുവടിളക്കിക്കൊണ്ടിരിക്കും. നർത്തകരിൽ ഒരാൾ തളരുമ്പോൾ കൂടെയുള്ളവരിൽ നിന്നൊരാൾ നർത്തകൻ/നർത്തകിയായി പ്രവേശിക്കും. കൈകൾ വളച്ചുവച്ച്, കണ്ണുകൾ നിലത്തുപതിച്ച് വ്രീളാഭാവത്തോടെയാണ് നർത്തകി ചുവടുവയ്ക്കുക. അക്കോഡിയൻ, ടാംബൊറിൻ തുടങ്ങിയവയായിരിക്കും പക്കമേളങ്ങൾ - സിസിലിയിൽ വിവാഹവേളകളിലും ഈ നൃത്തം അവതരിപ്പിക്കാറുണ്ട്. അപ്പോൾ പക്കമേളങ്ങൾ ഉണ്ടാവില്ല എന്നൊരു സവിശേഷതയുണ്ട്. പകരം കയ്യടിച്ച് താളമിടുകയാണു പതിവ്. അവുലിയയിൽ സ്ത്രീകൾ ലജ്ജാവതിമാരായി നൃത്തം ചെയ്യുമ്പോൾ കാംപാനിയയിലെ ടാറന്റെല്ലാ നർത്തകിമാർ, ശിരസ്സുയർത്തിപ്പിടിച്ച് ആത്മാഭിമാനത്തോടെയാണ് ഇതിൽ പങ്കെടുക്കുക. ചിലയിടങ്ങളിൽ റിബണോ മറ്റോ ഉപയോഗിച്ച് താളത്തിൽ ചുഴറ്റി നൃത്തം വർണാഭമാക്കാറുമുണ്ട്.

ശൈലീവത്ക്കരിച്ച ടാറന്റെല്ലാ, പലപ്പോഴും ബാലെകളിൽ ഉപയോഗിച്ചിട്ടുള്ളതായി കാണാം. ബാലെകൾക്ക് പ്രാദേശികവർണം നൽകുന്നതിനായാണിത്. 1836-ൽ 'ലാ ടാറൻട്യൂല' എന്ന ബാലെയിൽ ടാറന്റെല്ല ഉപയോഗിച്ചിട്ടുണ്ട്. ജീൻ കൊറാല്ലിയായിരുന്നു സംവിധായകൻ. ഇതിന്റെ സ്വാധീനഫലമായി 1842-ൽ ആഗസ്റ്റ് ബോർണോവില്ലിസിന്റെ നപോലി എന്ന ബാലെയിലും ടാറന്റെല്ല ഉപയോഗിക്കപ്പെട്ടിരുന്നതായി അറിയുന്നു.
Photo.
ഇറ്റലിയിലെ സ്ത്രീകൾ ടാറന്റെല്ല പാട്ടിനനുസൃതമായി നൃത്തം ചെയ്യുന്നു