നോർവെയിലെ വെസ്റ്റ്ഫോൾഡ് കൗണ്ടിയിലുള്ള ടോൺസ്ബെർഗിനടുത്തുള്ള ഓസ്ബെർഗ് തോട്ടത്തിലുള്ള ഒരു വലിയ ശവക്കോട്ടയിൽനിന്ന് കുഴിച്ചെടുത്ത വൈക്കിങ് കപ്പലാണ് ഓസ്ബെർഗ് കപ്പൽ (നോർവീജിയൻ: Osebergskipet) എന്ന പേരിൽ അറിയപ്പെടുന്നത്.
കപ്പലും കടലുമായി ഇഴചേർന്ന് ജീവിച്ചിരുന്ന വൈക്കിങ്ങുകളിലെ പ്രമുഖരുടെ ശവസംസ്കാരം കപ്പലുകളോടൊപ്പമായിരുന്നു നടത്തിയിരുന്നത്. ആസ എന്ന പേരുള്ള ഒരു വൈക്കിങ് രാജ്ഞിയുടേതായിരുന്നു ഓസ്ബെർഗ് കപ്പൽ എന്ന് കരുതുന്നു. അലങ്കാരപ്പണികളോടെ നിർമ്മിച്ചിട്ടുള്ള ഈ കപ്പൽ ചെറിയ വിനോദയത്രകൾക്കുവേണ്ടിയാകാം ഉപയോഗിച്ചിരുന്നത്.
ഓസ്ബെർഗ് ശവക്കോട്ടയിൽനിന്ന് നിരവധി പുരാവസ്തുക്കളും രണ്ട് സ്ത്രീകളുടെ
അസ്ഥികൂടങ്ങളും ലഭിച്ചിട്ടുണ്ട്. കപ്പൽ എ.ഡി. 834-ആമാണ്ടിലാണ് അടക്കം
ചെയ്തിരിക്കുന്നത്. നോർവെയിൽനിന്നുള്ള ഹോക്കൊൺ സ്കെറ്റെലിഗ്, സ്വീഡനിൽ
നിന്നുള്ള ഗബ്രിയേൽ ഗുസ്താവ്സൺ എന്നീ പുരാവസ്തുഗവേഷകർ 1904-1905
കാലയളവിലാണ് ഓസ്ബെർഗ് കപ്പൽ ഖനനം ചെയ്തെടുത്തത്. വൈക്കിങ് കാലഘട്ടത്തിലെ
ഏറ്റവും പ്രധാനപ്പെട് പുരാവസ്തുശേഷിപ്പുകളിലൊന്നായി ഓസ്ബെർഗ് കപ്പൽ
കണക്കാക്കപ്പെടുന്നു. കപ്പലും അതിലടങ്ങിയിരുന്ന പല പുരാവസ്തുക്കളും
ഓസ്ലോയിലെ ബിഗ്ഡേയിലുള്ള വൈക്കിങ് ഷിപ് മ്യൂസിയത്തിൽ
പ്രദർശിപ്പിച്ചിരിക്കുന്നു